കൈവെള്ളയിലെ അടിപ്പാട്
ചെഞ്ചൊപ്പിൽ മറച്ച്,
പൂക്കാത്തതിന് ചിണുങ്ങി,
നീയെന്നും തല്ലിക്കൊഴിച്ച
മൈലാഞ്ചിചെടികൾ ഞങ്ങൾ.
ഉത്തരം നോക്കിയെഴുതാൻ
മുല്ലകൾ ചിരിയോടെ വിളിച്ചിട്ടും
കണ്‍വെട്ടത്തിൽ നിന്നെ തിരഞ്ഞവർ .
വേദന നീലിച്ച കൈതളർന്നു
നീയുറങ്ങുമ്പോൾ, പഠിക്കാൻ
നാളെയിത്തിരി വേഗമെത്തണമെന്ന്
പിന്നേംപിന്നേം ചെവി തിന്നവർ.
കട്ടൻചായയേക്കാൾ ചുവന്ന,
കുഞ്ഞുകൈയിലെ സൂര്യനെ കണ്ട്
വീണ്ടുംവീണ്ടും തളിത്തവർ.
No comments:
Post a Comment