8/2/13

ആലീസിൻറെ മുയൽമാളം


പ്രിയ ആലീസ് ,
വിളികളിൽ എന്നെ കാണാനില്ലെന്ന് 
ആദ്യം പരാതിപ്പെട്ടത്‌ അമ്മയാണ്.
മഴമണ്ണിലുരുണ്ട് ,
പുളിമധുരമറിഞ്ഞ്,
തുമ്പിയെ തൊടാനോങ്ങി,
ഊഞ്ഞാലിലാടുന്ന ആകാശം കണ്ടാൽ ,
ആരാണ് വിളികളിൽ ഓടിയെത്തുക ?
കാലമെടുത്ത് ഞാൻ കടന്ന 
താക്കോൽ പഴുതിലൂടെ 
കണ്ടു ചെറുപൂന്തോട്ടം.
അന്നുതൊട്ടേ എനിക്കൊപ്പം
പൊന്തിക്കിടക്കുന്നു,
പേരറിയാ രൂപങ്ങൾ,
പേടിപ്പിക്കുന്ന  കളികൾ,
തലവെട്ടുന്ന കടംങ്കഥകൾ.
ചീട്ടുകൊട്ടാരങ്ങൾ തകർത്തതിനു 
അവരെന്നെ നിന്നോടൊപ്പം  പുറത്താക്കി.
സുഹൃത്തേ, നിന്റെ സ്വപ്നങ്ങ
എന്റെ നട്ടുച്ചകളെ പൊള്ളിക്കുന്നു
നമ്മുടെ  മുയലച്ഛനതാ,
എൻറെ വാച്ചും പോക്കറ്റിലിട്ടോടുന്നു.