7/27/13

എന്നിട്ടും നീ

നിന്നെ മറക്കാൻ 
ഒരു മഴവില്ലിനെ കൂട്ടുപിടിച്ചു.
ഏഴു നിറങ്ങൾക്ക് പകരം 
ഏഴ് രാത്രി.
വളഞ്ഞറ്റം തൊടാൻ 
ഏഴറിവും വേദനയും.
കണ്ണിത്തിരി നനഞ്ഞാൽ 
ഒന്നും മിണ്ടാതെ 
തെളിഞ്ഞ് ചിരിച്ച് 
ആകാശത്തേക്ക് പറത്തിവിടും.
താഴെയിറങ്ങാതെ ഞാനെന്റെ 
ഏഴുനിറങ്ങളിലുറങ്ങി . 
ഉറക്കത്തിലറിയാതെ 
തിരിഞ്ഞൊന്ന് കിടന്നാൽ 
മറന്നോയെന്നു ചോദിച്ച് 
തലപൊക്കി നോക്കും 
എന്നിട്ടും നീ !




7/18/13

അടുക്കാനാവാത്ത അകലങ്ങൾ



കൈ നീട്ടാതെയകന്നു , കൈയകലം 
കളിവള്ളമെറിഞ്ഞ തോട്ടിൽ,
കൈകോർത്ത കടലോരങ്ങളിൽ,
ഒന്നിച്ചുറങ്ങിയ മരച്ചോട്ടിൽ...
കെട്ടിപ്പിണയാതിരിക്കാൻ 
നടന്നേറെ മറുവഴി. 

വഴിമറന്നോടിയോടി
വഴിയകലം നിന്ന് കിതച്ചു,
പുകമറയിൽ തിരഞ്ഞ്,
കേൾക്കാത്ത പാട്ടുകേട്ട്, 
കാണാതെ കരഞ്ഞ്,
നിനക്കരിലെത്തുമ്പോളറിയാം 
തിരിഞ്ഞെന്നെ വീഴ്ത്തുന്നതെല്ലാം 
നിന്റെ രാത്രികൾ, 
നിന്നെയുറക്കാതെ ഞാനടർത്തിയത്.





7/16/13

ഏഴുനിറങ്ങളിൽ ഒഴുകിയവർ


വേരുറയ്ക്കുമെന്ന ചില ഉറപ്പുകൾ 
മലവെള്ളപ്പാച്ചിലിൽ മുളച്ചു പൊന്തി. 
തലയാട്ടി നീണ്ടെത്തുന്നതിനിടെ,
ഒഴുക്കിലെറിയുന്നു,
പൊടിയ്ക്കാത്ത ഇല ഞരമ്പിലെ
നീയെന്ന ശ്വാസം, നീയെന്ന താങ്ങും. 
കടലുപ്പിൽ വെന്തുനീറി,
കരയ്ക്കെത്താൻ,
നേർത്ത കാറ്റിനെ കാത്തപ്പോൾ,
നോക്കിക്കിടന്ന വാനമൊരു 
ചിതം വരച്ചു.
എത്രവേഗമതിൽ കുരുനില,
 ഞാനെത്തുമ്പോൾ 
വിരിയുന്ന ചുമന്ന പൂക്കൾ,
അതാ, നമ്മുടെ നീല ചില്ലകൾ
പൊഴിഞ്ഞാലുമെത്രയോ പൂക്കുന്നു ...




7/1/13

എത്തിനോട്ടം

ഇറക്കത്തിലേക്കുള്ള വളവ് 
തിരിഞ്ഞപ്പോൾ, പൊന്തക്കാടിലെ
രണ്ടു  കണ്ണെന്നെ നോക്കി.
നിനക്കെന്നാണ് പീലിയുള്ള
കണ്ണുണ്ടായതെന്നു ഓർത്ത്,
കണ്ണെടുക്കാതെ പിന്നോട്ടോടി.
ചില്ലു തറച്ച വീഴ്ച്ചയിലെ 
പൊട്ടിച്ചിതറിയ നോട്ടങ്ങൾ 
എന്നെ തോളിലേറ്റി.
മടങ്ങാനുള്ള വഴിയിൽ 
വഴിപോക്കനെന്നു കൂവിവിളിച്ച്
ഞാനാർത്തു കരഞ്ഞു .