6/3/16

ഒളിച്ചു കളി


വെള്ളപ്പൂക്കളുള്ള വെളുത്ത  ഉടുപ്പ്
നോക്കിയിറങ്ങിയതാണ് ഞാൻ
തൂവെള്ളയിൽ  ഒളിപ്പിച്ച
പൂക്കളെ കാണാത്തവരെല്ലാം
നമ്മളെ നോക്കിച്ചിരിച്ചു
നസ്സിലാകാത്ത ഭയങ്ങളിൽ
ആളുകളിങ്ങനെയാണ്...

നീയൊന്ന് ചിരിക്കാത്തതെന്താണ്
 തണുത്തുറഞ്ഞയിരുട്ടിൽ
എന്നെ മാത്രം ചേർത്ത് പിടിച്ച്
നിന്നെ തിരഞ്ഞെത്ര ഉണർച്ചകൾ...
ഞാനെന്നിലേക്ക്  ഒറ്റയാകുന്ന
ഓരോ വളവിലും
'ഞാനും' എന്നെഴുതി വെച്ച് 
അമ്പരപ്പിക്കുന്ന ആഴത്തിൽ
നിന്നിലെത്താത്ത  താഴ്ചകൾ....

 ഒടുവിൽ കാണുമ്പോൾ, 
നോവും മുറിവും  വീതിക്കാനാവാതെ
അടുക്കിയടുക്കി അറ്റം കാണാത്ത
നിരയിലൊടുവിൽ പകച്ചു നിന്ന്
 എന്നിൽ നിന്നൊഴുകി തളം കെട്ടിയ
ചോരയിൽ നിന്റെ ഞരക്കം കേട്ട്
തലയുയരാത്ത പിടിച്ചിലായി 
മാറിയിരുന്നു ഞാൻ.

ചിതറിപ്പിച്ച കാലങ്ങളിൽ
 നമ്മുക്കൊരുമിച്ച് നടക്കാൻ
ഒരു പുതിയ ഉടുപ്പ് തുന്നണം
 പിന്തിരിഞ്ഞോടുന്ന പകലുകളിൽ
നമ്മളെ കാണാതിരിക്കാൻ
നീ വിതറുന്ന വെള്ളപ്പൂക്കൾ ചേർത്ത്...


1/29/16

നിഴൽ വേദന


പടർന്നയെന്നെ പിണയ്ക്കാതെ
കൊരുത്ത ഉമ്മയറിയാതെ
ഒരു പൂവിനേപ്പോലും ഉണർത്താതെ
പിഴുതെറിഞ്ഞപ്പോൾ
നിന്നെ കണ്ട രാത്രികൾ
എന്നോട് മിണ്ടാതായി
 ഉറങ്ങാതലഞ്ഞലഞ്ഞ്
ചുറ്റിപ്പിടിച്ച നേരം
മുറിപ്പാട് മറയ്ക്കാൻ
രാത്രി പുലരുവോളം ചിരിച്ചു