6/29/13

അകന്നകന്ന് പോകുന്നവർ

തീരം വിടാത്ത വള്ളങ്ങൾ
ചിലപ്പോൾ തിരിച്ചെത്താനാകാത്ത
ദൂരങ്ങളിലേക്ക് തുഴയും.
കര ഒരു നേർത്ത ചൂണ്ടയായ്,
എന്നും കൊളുത്തി വലിക്കും.
പക്ഷേ, കരയാത്ത കുട്ടികൾ,
കാക്കകൾ, പെണ്ണുങ്ങൾ ...
ശ്വാസം മരിക്കുംമുൻപ്,
ചത്തുപൊന്തിയ മീൻ പറഞ്ഞു,
ഈയിടെ കടലിലിട്ടതൊന്നും
കരയ്ക്കടിയാറില്ലത്രേ!
മടങ്ങിയ വള്ളങ്ങളിൽ 
ചൂണ്ടകൊളുത്തുകളുടെ നിശ്വാസം,
കടലോളം ഒഴുകിപരന്ന് കാത്തിരിപ്പ്‌,
മറന്നോയെന്നു ചോദിച്ചുമടുത്ത്
ഓളങ്ങൾ കരയിൽ ഇരമ്പിയാർക്കുന്നു.


6/26/13

നീയെന്ന അഹങ്കാരം

ഒഴുക്കിൽ നിന്നെ തടഞ്ഞു.
ആ മരത്തിനടുത്ത് ആഴം 
കൂടുതലായിരുന്നത്രേ.
കാറ്റ് ചെവി തകർത്തു,
എന്നോടൊപ്പം പറക്കൂ...
മഴയും പിന്നാലെ കൂടി,
എനിക്കൊപ്പം പോരൂ...
ചുറ്റിപ്പിടിച്ചയെന്നോട് 
കൈവിട്ടൊഴുകൂയെന്ന്-
വേരഴുകിയ മരം.
തുള്ളിക്കൊപ്പം താഴ്ന്നവൻ,
താങ്ങാൻ താങ്ങില്ലാത്തവൻ.
ചായ്ഞ്ഞ ഉടലിനെ പുണർന്ന്-
ഓളമായവൾ ചിരിച്ചു; 
എനിക്കുണ്ടല്ലോ നീ, 
പിന്നെന്തിനീ ഞാൻ !

;

6/23/13

ഈ വഴി കടന്നുപോകുന്നവർ

നിനക്കൊരു ഇടവഴി 
സമ്മാനമായ്‌ കരുതിയിരുന്നു.
ഓരങ്ങളിൽ കുഞ്ഞുപൂക്കളും,
കൊക്കുരുമ്മുന്ന കിളികളും,
വള്ളിപടർപ്പുള്ള മരച്ചോടും,
പൂപ്പാവാടയിൽ കൊഞ്ചുന്ന-
പെണ്‍കുട്ടികളുമുള്ള വഴി.
അവരെന്നും നിന്നെ നോക്കും.
നീയെന്നോട് മാത്രം ചിരിക്കും.
വഴികൾക്കെല്ലാം അപ്പുറമെങ്കിലും 
ആ ചിരിയൊന്നു കാണാൻ 
ഇന്നും തലനീട്ടിയെത്തി നോക്കുന്നു.
നീയുള്ള വഴിയിലെല്ലാം,
പാതി നടന്ന് തിരിഞ്ഞോടിയവൾ.




6/19/13

മരീചികയുടെ തോന്നലുകൾ

മേഘങ്ങൾ  നീലയാക്കി 
മഴവില്ല് തീർത്തപ്പോൾ 
ആകാശമായി മോഹിച്ചവൾ.
നിന്നെ തൊടാൻ മലകൾ 
കയറി, ഉയർന്നു പറന്ന് 
വീണുകൊണ്ടേയിരുന്നവൾ.
മഴയായും മഞ്ഞായും 
പെയ്യുമ്പോൾ പീലി നിവർത്തി 
കാലുറയ്ക്കാതെ ചുവടുവെച്ചവൾ.
മിന്നലായ് മാറ് പിളർത്തുമ്പോൾ 
നിഴലിലൂടെ നിന്നെ തൊട്ട് 
ചുണ്ടുകൾ കവർന്നവൾ.
രാത്രിയിൽ നിലാവിനൊപ്പം 
നീ മറയുന്നതു നോക്കിനോക്കി 
കരഞ്ഞുറങ്ങാതിരുന്നവൾ.
സൂര്യനെ കണ്ട് ഇനിരാത്രി-
വേണ്ടെന്നു ചൊല്ലി തിരിഞ്ഞ്,
പാതിവെന്തു കരിഞ്ഞവൾ.
പ്രേമ പാരായങ്ങളൊക്കെ 
നിന്നിൽ നിന്നും മറയ്ക്കാൻ 
ചിരികുട വിടർത്തിയവൾ.
അവളെന്നും ഒരു ചാണ്‍ അകലെ 
കൈ നീട്ടിയാൽ തൊട്ടരികെ...





6/15/13

പ്രേമം വിഴുങ്ങിയവർ (വഴങ്ങിയവർ )

സിനിമ പോസ്റ്റർ ശീലമാക്കിയ 
മുട്ടനാട് പാതിച്ചവച്ച് പറഞ്ഞു,
നിനക്കീ നുണക്കുഴി  ചിരി വേണം, 
മിടിക്കുന്ന മാറ്, പൂ പൊക്കിൾ...
ചിത്രത്തിൽ പാളിനോക്കി,
പെണ്ണാട് പിണങ്ങി പിന്നാക്കം.
അവളെയൊന്നു മെല്ലെ തട്ടി,
നീയില്ലെങ്കിൽ ആരുമില്ലെന്ന,
മൂളിപാട്ട് പാടി പിന്നാലെ അവനും.
കുറച്ചുമാറി , പാത്തുമ്മയുടെ ആട്,
വായിൽ പുറംച്ചട്ടയോടെ  പ്രേമലേഖനം.
ആകാശമിഠായികൾ ചുറ്റും.


6/12/13

ഞെട്ടലുകൾ

തീയിട്ട് ഉറക്കിയ 
ഓർമകൾക്ക്‌ മീതെ,
അന്ന് നമ്മളെന്നു
പറഞ്ഞുപറഞ്ഞ്,
അതിർത്തികളിൽ നീ 
പന്ത് തട്ടിയപ്പോൾ ,
സുഹൃത്തേ, ഞാൻ 
വെടിയേറ്റു വീണിരുന്നു.

6/9/13

തളിർക്കുന്ന മുറിവുകൾ

കൈവെള്ളയിലെ അടിപ്പാട് 
ചെഞ്ചൊപ്പിൽ മറച്ച്,
പൂക്കാത്തതിന് ചിണുങ്ങി,
നീയെന്നും തല്ലിക്കൊഴിച്ച 
മൈലാഞ്ചിചെടികൾ ഞങ്ങൾ. 
ഉത്തരം നോക്കിയെഴുതാൻ 
മുല്ലകൾ ചിരിയോടെ വിളിച്ചിട്ടും 
കണ്‍വെട്ടത്തിൽ നിന്നെ തിരഞ്ഞവർ . 
വേദന നീലിച്ച കൈതളർന്നു
നീയുറങ്ങുമ്പോൾ, പഠിക്കാൻ 
നാളെയിത്തിരി വേഗമെത്തണമെന്ന് 
പിന്നേംപിന്നേം ചെവി തിന്നവർ.
കട്ടൻചായയേക്കാൾ ചുവന്ന, 
കുഞ്ഞുകൈയിലെ സൂര്യനെ കണ്ട് 
വീണ്ടുംവീണ്ടും തളിത്തവർ. 


6/6/13

മഴ മായ്ച്ച ചിരികൾ

നീ ചുരുട്ടിയെറിഞ്ഞ 
മേഘചീളിൽ ചുരുണ്ട്,
താഴെയെത്താതെ ചിതറി,
ഞാനിതാ എനിക്ക് ചുറ്റും. 
ഊതിവിട്ട പുകച്ചുരുൾ
തേടി, പൊങ്ങിപൊങ്ങി,
ഏതോ പേരില്ലാ മരപോടിൽ.
ഒറ്റയ്ക്കാകുമ്പോൾ നീ,
ചില്ലയില്ലാ മരം കുലുക്കി 
മഴ പെയ്യിക്കും.
ചാറാത്ത മഴയിൽ തണുത്ത് ,
മരച്ചോട്ടിൽ നിന്നെ
കാത്തപ്പോൾ കാറ്റ് പറഞ്ഞു 
തുള്ളി കടംകൊടുക്കാതെ 
മരം  പെയ്യുന്നതെങ്ങിനെ.
ഒരുമിച്ചെത്തിയാൽ  മഴ 
കൂടെയെത്തിയത് പണ്ടല്ലേ !





6/4/13

നീണ്ടുതടിച്ച ചുണ്ടുകൾ

മഴ നനഞ്ഞിട്ടും 
തിളച്ചു മറിഞ്ഞ ഞാൻ,
ആവിയെത്ര ഊതി-
പറത്തിയാണ് നിന്നെ
ചുണ്ടോടു ചേർത്തത്. 
വഴക്കുകളിലും,
വഴിപിരിയലിലും,
വാക്കേറുകളിലും മാത്രം,
എന്നെ തിരയുമ്പോൾ 
ഓർക്കാം, നമ്മളെന്നും 
വഴിനീളെ ചുംബിച്ചവർ .


6/1/13

വടക്കോട്ടു നോക്കിയവർ

അടുക്കും  മുൻപേ പുണർന്ന്
ഇരുമ്പുകൂടുകളെ മറന്ന്,
ആകർഷണത്താൽ വലഞ്ഞ്,
തെക്ക്-വടക്ക് നടന്ന, 
കാന്തങ്ങളായിരുന്നു. 
സ്നേഹത്തിൽ മദിച്ച് 
തലകുത്തി വീണപ്പോഴാണ് 
ഒരേ നിറമായി,
അടുക്കാനാവാതെ അകന്നത്
കൂട്ടം തേടി കരഞ്ഞലഞ്ഞ്,
വലയങ്ങൾക്കുള്ളിൽ കുടുങ്ങി,
ദിശ മറന്നപ്പോൾ  തോന്നി,
ഒറ്റയ്ക്കൊന്നു തിരിഞ്ഞടുത്താൽ 
നീയെന്നെ ചാടിപ്പിടിച്ചേനേ .