12/23/14

മുഖം മറച്ച നിശ്വാസങ്ങൾ

ഇളം വെയിലിലെ പൂക്കളുടെ 
സന്ധ്യ കടമെടുത്ത് 
നിറമില്ലാത്ത കണ്ണാടികളോട് 
നമ്മൾ ചോദിച്ചു,
നീയെന്നെയോ 
ഞാൻ നിന്നെയോ  കണ്ടത് ?
മറുപടിയില്ലാതെ ഇലമറയിൽ 
ഇന്നലെ കണ്ണിൽ നോക്കിയ 
കണ്ണാടി മുഖം വെട്ടിതിരിച്ചു.
നീയില്ലെന്ന് ഞാനും 
ഞാനില്ലെന്നു നീയും...
വഴിനീളെ കണ്ണാടികൾ 
നമ്മളെ നോക്കി ചിരിച്ചു .

മുഖമില്ലാത്ത മരിച്ച 
മുറിവുകളാൽ 
വാരിപ്പുണർന്ന ദേഹം 
വിറപൂണ്ടു 
ചില്ലു തടഞ്ഞ്
എനിക്കൊപ്പം ചോരച്ച 
ഒരായിരം മഞ്ഞപ്പൂക്കളുടെ 
നേർത്ത തണുത്ത നിശ്വാസം 
നമ്മളെ മായ്ച്ചു 

11/29/14

കുടഞ്ഞിട്ട ഉടലുകൾ

1. ചെവി മറച്ച കടൽ 
മതിലുകളിൽ തിരയടിച്ചു 
തുറന്നിടാത്ത ആകാശം 
രാത്രിയിൽ ഉണർന്നിരുന്നു 
കൂട്ടി വായിക്കുമ്പോഴേക്കും 
തിരുത്തിയ കഥകൾ ,
 മുള്ളുള്ള  പൂക്കൾ ,
ചുവടില്ലാത്ത നൃത്തം,
നീലപൊന്മാൻ  തൂവലുകൾ 
പിറന്ന കരച്ചിനു കൊടുത്തു .
എന്നിട്ടും പൊള്ളി ച്ചു 
ഒരു മുടിയിഴ .
താഴ്ന്നു പറന്നപ്പോൾ 
കാറ്റ് കണ്ടെത്തി 
അഴയിൽ കുടുങ്ങിയ 
നിറം മങ്ങാത്ത നീലപട്ടം 

2. കാറ്റെനിക്ക് മണം തന്ന്,
ഇളകി ചേർന്ന്, മഴയിലേക്കിറങ്ങി.
തനിയെ ഊതിവിട്ട തണുപ്പ് ,
അറിയാതെ നിന്നുപോയ പാട്ട് ,
കാലുകൾ കൂട്ടിപിടിച്ച്
ജനലകൾക്ക് കൂട്ടിരുന്നു 
പാതി നനഞ്ഞ കണ്ണുകൾ 
കാർമേഘത്തെ നോക്കികരഞ്ഞു.
തിരഞ്ഞൊന്നു പറക്കാൻ 
മഴ മാറിയതേയില്ല .

3. വെയിലെത്തുവോളം ഒഴുക്കിൽപ്പെട്ട
ഞാനൊരു ഇലയായി.
ഇലയെ തേടിയിറങ്ങിയ മരം
പറഞ്ഞു , കാറ്റൂതലുകൽ, 
മഴത്താഴ്തലുകൾ
വെയിലാളലുകൾ, 
അല്ല അതുമല്ല പറിഞ്ഞുപോരൽ...
ആകാശം കണ്ട പച്ചപ്പുകളെന്നെ
ഓർത്തോർത്ത്‌ രസിച്ചു.
ചുറ്റും ചിരിയായപ്പോഴാണ്
പതുക്കെ  മടങ്ങിയത്.
ഒച്ചയില്ലാതെ കരഞ്ഞു,
കറപിടിച്ച വേദന
ഒടിഞ്ഞ തണ്ടിലൂടെ ഒലിച്ചിറങ്ങി





11/6/14

വെള്ളതൂവലുള്ള മുറി


മുറിയെന്നെക്കൂട്ടി നടക്കാനിറങ്ങി
മൂടിക്കെട്ടിയ നിശ്വാസങ്ങളിലും
അടക്കിയ കരച്ചിലുകളിലും
പിടഞ്ഞയെന്നെ വാരിയെടുത്ത്
എല്ലാരും കാണെ
ചേർത്തുപിടിച്ചു,
കണ്ണെടുക്കാതെ നോക്കിയിരുന്ന്
വെറുതെ ചിരിച്ചു,
കൈവിടാതെ വഴക്കിട്ടു,
ഇടവഴികളിൽ പിരിയുമ്പോൾ 
പോകുമ്പോൾ ഒപ്പം കൂട്ടുമല്ലോ-
യെന്നോർത്തു കണ്ണിറുക്കി,
ഉമ്മകൾ തീരാതായപ്പോൾ 
നമ്മളെന്നും ഒന്നിച്ചെന്ന് 
ചെവിയിൽ പറഞ്ഞു.
കടലിൽ നീന്തി 
ആകാശത്തെ തഴുകി 
കരയിൽ കൂടുതേടാ 
വെള്ളപക്ഷിയാവാനുള്ള കൊതി 
ഞാനും പറഞ്ഞു.

ഒറ്റയ്ക്ക് തിരിച്ചെത്തിയ മുറി 

ജനൽ തുറന്നു 
മേഘത്തിൽ നിന്ന് താണ് 
മിന്നാമിനുങ്ങിനൊപ്പം ചുറ്റിപറന്ന 
എന്നെ നോക്കിനിന്നു 
ഇനിയും മടങ്ങാത്തയെന്നോട് 
പിണങ്ങി ചുരുണ്ടുകിടന്നു 
ഉറക്കം വരാതെ ചുമരിൽ 
മുഖമമർത്തി കരഞ്ഞു 
കൂനിയിരുന്ന നിശ്വാസത്തെ 
ഒളിപ്പിക്കാൻ നാലുകോണും
ഇടംതേടിയലഞ്ഞു 
ചിറകടിയൊച്ച  ഞെട്ടിത്തിരിച്ചപ്പോൾ 
ഇരുട്ടിലെമ്പാടും പാറി 
തണുത്ത  വെള്ളതൂവലുകൾ  ...

മുറി തനിയെ, പതുക്കെ 

വീണ്ടും മുറിവിട്ടിറങ്ങി.




10/15/14

വിലാപയാത്ര

കൂട്ടത്തിൽ, കൂടലുകളിൽ
മടുത്ത ഒരുറുമ്പ്
കനം തൂങ്ങി ദാഹിച്ച
കണ്‍പോളകളിൽ
ഒരു കടി തന്ന്
ഉണർത്താനോങ്ങി

കരച്ചിലുകൾ നീന്തിയെത്തിയ,
കൂടുതേടിനടന്ന മറ്റൊരുറുമ്പ്
അടുത്തെത്തി കൂട്ടുകിടന്ന്
കാതിൽ  സ്വകാര്യം തിരക്കി

തിരിഞ്ഞുമറിയാത്ത രഹസ്യ-
മറിഞ്ഞ കൂട്ടങ്ങൾ
കട്ടപ്പിടിച്ച മുറിവിന്റെ
കണ്ണുപ്പൊത്തി തളർന്നു.
കൂട്ടിപ്പിടിച്ചിട്ടും കൈവിട്ട-
യാഴങ്ങൾ മൂടുംമുൻപ്
അരിച്ചിറങ്ങലുകൾ.

ഉറങ്ങാത്ത ശൂന്യതയിൽ
പുകഞ്ഞ കണ്ണുകൾ,
വിങ്ങലിൽ മിടിപ്പ്
തെറ്റിയ ഞരമ്പുകൾ,
വാക്കിനോട് വഴക്കിട്ട്
തണുത്ത കൈകൾ,
കാത്തിരിപ്പിൻറെ ഗതിവേഗം
കൂട്ടിക്കെട്ടിയ കാലുകൾ...
മറവികളില്ലാത്ത വേദന
വരിതെറ്റാതെ തിരിച്ചിറങ്ങുന്നു.







9/19/14

വിടവാങ്ങലുകൾ

പറിച്ചെടുക്കൽ പോലയല്ല,
കാറ്റൂതലുകൽ, മഴത്താഴ്തലുകൾ
വെയിലാളലുകൾ.
അല്ല, അതുപോലെയും അല്ല,
പറിഞ്ഞുപോരൽ.
ഒളിക്കാനൊരു ഇലപ്പടർപ്പും
പാതിമറന്ന നീയും
ചിരി മറച്ച മുഖവും
വീഴലിൽ  മറഞ്ഞു.
ഇനി പച്ചഞരമ്പുകളി-
ലോട്ടം മാത്രം...
എവിടെയും വേണ്ട,
വിളികളിലും മറവികളിലും .
ചേർത്തടച്ച ഇരുട്ടിൽ,
ഒന്നും കേൾപ്പിക്കാത്ത,
തണ്ണുപ്പിൽ പുതപ്പിച്ച്
ഉറങ്ങാതെയുറങ്ങി
തീരാത്തയാഴം.

ആകാശം കണ്ട പച്ചപ്പുകളെന്നെ
ഓർത്തോർത്ത്‌ രസിച്ചു.
ചുറ്റും ചിരിയായപ്പോഴാണ്
പതുക്കെ  മടങ്ങിയത്.
ഒച്ചയില്ലാതെ കരഞ്ഞു,
കറപിടിച്ച വേദന
ഒടിഞ്ഞ തണ്ടിലൂടെ ഒലിച്ചിറങ്ങി

9/8/14

വെയിലെത്തുവോളം ഒഴുക്കിൽപ്പെട്ട ഞാനൊരു ഇലയായി
മഴയെന്നു കരുതാനാകുമായിരുന്നില്ല
തുള്ളിക്കായി ചിരിച്ച  കാതോർക്കലില്ല,
നനഞ്ഞു താണ  കൂമ്പലില്ല,
കാറിനോട് മുഖം കറുപ്പിക്കലില്ല,
രാവോളം കണ്ണീർ പെയ്യലില്ല,
ഒഴുകിയടർന്ന ചേരലില്ല,
കൂടെകൂടെയെത്തുമെന്ന ഹുങ്കാരമില്ല,
താഴെ താങ്ങുമെന്ന വിടുവാക്കില്ല.
ഇടിമിന്നലായിരുന്നു.
അത്യുഷ്ണ തീവ്രത്തിൽ
കരുവാളിപ്പിച്ചു മടങ്ങിയ
ഇരമ്പുന്ന ഞെട്ടലുകൾ.
ഇലയെ തേടിയിറങ്ങിയ മരം
കാഴ്ച്ച മറച്ച ശൂന്യതയിലേക്ക്
വഴിതെറ്റിയിറങ്ങി.
രാത്രിയുടെ തിളക്കത്തിൽ  കണ്‍ച്ചിമ്മാത്ത
നക്ഷത്രചെവിയെന്റെ സ്വകാര്യം കേട്ടു.
മിന്നലെന്നോ മൂളിയ പാട്ട്
ഓർമയിലെത്തിയിട്ടും പറയാതെ
പച്ചമണത്തിൽ കരിഞ്ഞയെനിക്കു-
നിലാവിനെ മടക്കിത്തന്നു.