5/31/13

തിരശ്ശീലക്കുള്ളിൽ അവൻ

സിനിമ കണ്ട് ജനം കൈയടിച്ചു.
ഇത് ഞങ്ങളുടെ കഥ.
അറിയാതെ അടുത്തവരോട്  
ഞാൻ കലഹിച്ചു .
ജനക്കൂട്ടം  പലവഴിക്ക്.
നിങ്ങൾ പിരിഞ്ഞവരല്ലേ ? 
പിരിച്ചയച്ചാലും പടിവരെ.
അതേ നായകൻ ?
ഒരേയൊരു പടം.
നാട്ടുകാരെന്ത് പറയും ?
എന്തും പറയുമെന്ന ഉറപ്പ്.
ഒരുമിച്ചേതുവരെ ?
'സിനിമ' തീരും വരെ. 





5/30/13

ദൈവം ഒരു തൊട്ടാവാടി ചെടി

തൊട്ടലുറങ്ങുന്ന അത്ഭുതം 
കണ്ട് കുട്ടി പറഞ്ഞു,
നീ തന്നെ എൻറെ ദൈവം.
മണമുള്ള പൂവിൽ 
ചൊറിയൻ പുഴുവിനേയും,
ഊമ്പിയൊലിച്ച മധുരത്തിൽ 
പുളിയനുറുമ്പിനേയും  നീട്ടി,
മുള്ളുകൊണ്ട് കോറി,
നീയെന്നെ ആട്ടിയകറ്റി.
പേടി മാറാത്ത കുട്ടി 
ചീവിടിൻറെ കഥ കേട്ടുറങ്ങി.

ആരോ തൊട്ടും തൊടാതെയും,
നീയിന്നും വേഗമുറങ്ങി.
ചോര പൊടിയുവോളം
ചൊറിഞ്ഞും തടിച്ചും,
ഇളംനീല പൂക്കളെയോർത്തും,
നിന്നെ തൊടാനാവാതെ ഞാൻ. 
നേർത്ത വിരലോടെ ഒന്നെന്നെ-
തൊട്ട്  നിയും നീ ഉറക്കാത്തതെന്ത്?





5/28/13

ഞാനുമൊരു പുഴ

പുഴയിലൊഴുകി പോയതാണ്, 
കാടും കടലും മലയും നാടും 
നീന്തിത്തുടിച്ചെത്തിയ എന്നോട് 
കുളത്തിലെ പൂക്കൾ ചോദിച്ചു 
നീയാകെ മാറിയല്ലോ.
ഒരു മായാത്ത ചിരിയിൽ 
ഞാനെന്നെ ഒളിപ്പിച്ചു നടന്നകന്നു.


5/27/13

ഞാനോളിപ്പിച്ച സൂര്യൻ

അസ്തമയം, ചോരച്ചീറിത്തെറിച്ച 
വേദനയാണ്.
പകലിന്, രാത്രിയ്ക്ക് 
മിണ്ടാനാവാതെ പകച്ചു-
നിൽക്കുന്നയെനിക്ക്.
വെയിലിൽ വഴിതെറ്റിയവർ 
ഇരുളിലേക്ക് മടങ്ങി.
എന്നും ഒറ്റയ്ക്കായി പോയ 
എന്നോട് പിണങ്ങിയവർ 
ആകാശത്തെ കൂടാരത്തിൽ 
നക്ഷത്രങ്ങളോട്, എൻറെ രാത്രിയെ 
കളിയാക്കി ചിരിക്കുന്നു 




5/21/13

രാത്രിയിലെത്ര ഇരുട്ട്

പേടിക്ക്‌ ചൂട്ടുപിടിച്ച്  
തേടിയ ഉറക്കത്തെ കാത്ത് 
തലവെട്ടിവെട്ടി തിരിയുമ്പോഴാണ് 
നീയെത്തിയത്. 
പേടിപ്പുതപ്പെടുത്ത് കുടഞ്ഞ്‌ 
നീ പുണരുമ്പോൾ 
എത്ര തീരങ്ങൾ-
യെത്രയാഴങ്ങൾ,
യെത്രയോർമകൾ 
കുറ്റാകൂരിരുട്ടിൽ  
മിന്നാമിനുങ്ങാകുന്നു 

വഴിയിൽ നിഴൽ

ഒരൊറ്റ വര കൊണ്ട് 
വീട്ടിലെത്തിയവരുടെ 
കലപില കൂട്ടമെങ്ങും 
കൈ കാണിച്ചിട്ടും കയറ്റാത്ത 
വണ്ടി കാത്തെവിടെയോ 
പരാതി പറഞ്ഞ് സമയം 
കിടന്നോടിത്തുടങ്ങി 
മടങ്ങി വരണമെന്ന് 
ഇടയ്ക്കിടെ ഇടവഴി  
ചൂടിൽ തിളച്ച് 
കാഴ്ച മാഞ്ഞു 
ചാഞ്ഞു ചെരിഞ്ഞ് 
തലവെട്ടി നോക്കിയപ്പോൾ 
പൂത്ത മരത്തിനുകീഴെ 
പൂക്കുട ചൂടി ഞാൻ 
പുഴയ്ക്കു വലംവെച്ചു 
പിന്നോട്ടോടിയപ്പോൾ കേട്ടോ 
മണ്ണിലലിഞ്ഞു വേരഴുകിയ 
ചില്ലയില്ലാ മരത്തിന്റെ മൂളൽ 

മുടി മറന്നത് (മറച്ചത് )

സ്വയം രാത്രിയായി 
തൂങ്ങിയാടി തൊട്ടപ്പോൾ 
പൂ ചൂടിച്ചു ചുംബിച്ച
സ്നേഹം കൊണ്ടാവാം 
സ്വപ്നങ്ങളെന്നും 
അവനെ മാത്രം മൂടിപുതച്ചു.
അകന്ന രാത്രിയിൽ 
തോരാതെയിരുന്നും 
കരഞ്ഞ രാത്രിയിൽ 
കൂട്ടത്തോടെ പൊഴിഞ്ഞും 
തൊടാനോങ്ങിയവരെ 
കടുംകെട്ടിട്ടു കുടുക്കിയും 
ആ വിരലുകളെ കാത്തിരുന്നു.
പിന്നിയിട്ടും പൊട്ടിത്തെറിച്ചും 
വഴിയേറെ പോയി 
നീണ്ടു പുളഞ്ഞു വീണ്ടും 
ജനലരികിലെത്തുമ്പോൾ 
എവിടെയോ തലനീട്ടിയാട്ടി 
വട്ടംകറങ്ങുന്നു പേരില്ലാ പൂവ് 

ആത്മഹത്യ

വിട്ടുകൊടുത്ത ശരീരം 
തിരിച്ചെത്തിയപ്പോൾ ചോദിച്ചു 
എന്നെ കൂടെക്കൂട്ടുമോ ?
പാതിവട്ടത്തിൽ കൈ കറക്കി 
കൂട്ടുകാരൻ പറഞ്ഞു 
ജീവിതമെന്നെ എന്നേ കൊണ്ടുപോയ് 

ഉറക്കത്തിനിടയിൽ ഉണർത്തി 
മരണം കാത്തുനിന്നു 
അടുത്തെത്തിയപ്പോൾ
 ചോദിക്കാനാഞ്ഞത് മറന്നു 
ചിരിതീരും മുൻപേ തോന്നി 
ചുറ്റിപറ്റി നിൽക്കാം 
ഓർമ വരുംവരെ. 

മുങ്ങിത്താഴും മുൻപ്

വാതിൽപ്പടിയിൽ ചാരിനിന്ന് 
കടൽ കണ്ട് ഉയരത്തിൽ പറന്ന് 
ആകാശം തൊട്ടപോഴാണ് 
കാലിടറി താഴെക്കൂർന്നത് 
പിടഞ്ഞ് പൊങ്ങിത്താഴുന്നതിനിടെ 
പുണർന്നുറക്കി കിടത്തിയ 
ഇണയുടെ പുലമ്പലുയർന്നു 
കണ്ണീരുപ്പ് മീനുകളെ ഊട്ടി 
തിര തീരത്തെ ഉറക്കി 
രാത്രി തീരും തൊട്ടു മുൻപേ 
വാതിൽപ്പടി വീണ്ടും പറന്നു 
തിരയിൽ തളരാതെ  ഒരറ്റത്തെത്തി 
രാത്രി തീരാതെ കാത്താൽ 
പടി കാണാം ; കാഴ്ച കാണാം 
പിടിയയയും മുൻപേ പിടഞ്ഞു
പടിയിലെന്നും പകലായിരുന്നു 
വാതിൽപ്പഴുതിലൂളിയിടാൻ 
താണ്ടണമിനിയും  നൂറു
കര  
ആഴങ്ങൾ നീയില്ലാതെ വയ്യെന്ന് 
ആകാശത്തോടന്നേ പറഞ്ഞിരുന്നല്ലോ  ?

കഥയിൽ ചോദ്യം

തൂക്കുഞ്ഞാലിലാടിയാടി നീ 
ആകാശത്തെ സ്നേഹിച്ചു 
നിന്നെയറിയാൻ നിന്നെ കേട്ടു 
കേട്ടിരിക്കേ  ഞാൻ പോയൊളിച്ചു 
എണ്ണിയെണ്ണിത്തീർന്നിട്ടും 
ആരുമെന്നെ തിരഞ്ഞില്ല 
കളി തീരുമെന്നു പേടിച്ച് 
ഞാൻ പറഞ്ഞു ; കണ്ടേ !

നിനക്ക് ശേഷം

ഇരുട്ടിനെയറിയാതെ ഒളിപ്പിച്ച
ക്ഷീണിച്ച കണ്ണെന്നെ നോക്കി 
വാ തോരാതെ കോട്ടുവായെത്തി 
പതുക്കെ തട്ടാതെ, പുതയ്ക്കാതെ 
ഉറക്കത്തെ കണ്ടിരുന്നു. 
നീണ്ടുപരന്ന പകൽപോലും 
പണ്ടേ എനിക്കൊപ്പമില്ല 
വീഴാതിരിക്കാൻ ഉറങ്ങാതെ കാത്ത 
രാത്രിയുമെന്നെയിനി തിരയില്ല 
കണ്ണിനടിയിലെ കറുപ്പ് ചോദിച്ചു 
നമുക്ക് കൂട്ടാവാം 
കരച്ചിലടക്കാതെ പറഞ്ഞു 

പുലർന്നാലും പോവരുത്.

തോൽപ്പിച്ച മുയൽപ്പെണ്ണ്‍

ഒറ്റയ്ക്ക് നടക്കാനിറങ്ങിയ 
വഴിയിൽ ആമയും മുയലും.
ഓട്ടം കണ്ട് കുന്തിച്ചിരുന്ന എന്നോട് 
കിതപ്പാറ്റാനെത്തിയ മുയലച്ചൻ,
ഒരഞ്ച് മിനിറ്റ്, ഉണർത്തണേ.

നോക്കിനോക്കി കണ്ണുകഴച്ചിട്ടാവണം 
മുയലച്ചനോട് ചേർന്ന് കിടന്നു.
കിരീടം ചൂടി ആമ അമർത്തി കരഞ്ഞു.
സ്നേഹച്ചൂടിൽ ഞാനും മുയലച്ചനും.
സ്വപ്നത്തിൽ എന്നെയുയർത്തി 
തുള്ളിച്ചാടിയോ എന്തോ !

കഴുമരം സാക്ഷി

വഴിതെറ്റി ചേർന്നതെങ്കിലും
ചോരയൊലിക്കുമ്പോൾ 
പിടിക്കപ്പെടാതിരിക്കാൻ 
ഗുഹയിലോളിച്ച്,
കല്ലെറിഞ്ഞവരോടൊപ്പം 
വലിയ കല്ല്‌ തിരഞ്ഞ് 
മുറിവിലെ ആണിയിൽ 
അടിച്ചുക്കയറ്റി മടങ്ങുമ്പോൾ,
ഒറ്റ സംശയം മാത്രം ബാക്കി
മൂന്ന് വട്ടം കോഴി കൂവിയതിന് 
മുമ്പോ ശേഷമോ?

മരം നട്ട പക്ഷി

ചില്ലകൾ മാറിമാറിയിരിക്കാൻ 
തണലുള്ള നിഴൽ തേടി 
വിത്തുകൾ മണ്ണിട്ട്‌ നനച്ചു.
തളിർക്കുമ്പോഴാണ് 
നീയെത്തുന്നതെങ്കിൽ 
പാറിപറന്നു നടക്കാം.
മനസ്സ് ഉറക്കേ കൂകി 
പൂക്കുമ്പോഴായിരിക്കും.
തെളിഞ്ഞ മഴവില്ലിലൂടെ 
നീ തുഴയുന്നതും 
നിറമുള്ള ചിറകോടെ-
യെന്നെ  ചുംബിച്ചതും  
പൂവുള്ള ഓർമ. 
കണ്ണിടറാത്തതിനാൽ 
മഴയത്തും മായാതെ നീ.
എന്നിട്ടും നമ്മുടെ  നീലകുഞ്ഞുങ്ങൾ 
പുഴയിലൂടൊഴുകി കരയുന്നു.