11/29/14

കുടഞ്ഞിട്ട ഉടലുകൾ

1. ചെവി മറച്ച കടൽ 
മതിലുകളിൽ തിരയടിച്ചു 
തുറന്നിടാത്ത ആകാശം 
രാത്രിയിൽ ഉണർന്നിരുന്നു 
കൂട്ടി വായിക്കുമ്പോഴേക്കും 
തിരുത്തിയ കഥകൾ ,
 മുള്ളുള്ള  പൂക്കൾ ,
ചുവടില്ലാത്ത നൃത്തം,
നീലപൊന്മാൻ  തൂവലുകൾ 
പിറന്ന കരച്ചിനു കൊടുത്തു .
എന്നിട്ടും പൊള്ളി ച്ചു 
ഒരു മുടിയിഴ .
താഴ്ന്നു പറന്നപ്പോൾ 
കാറ്റ് കണ്ടെത്തി 
അഴയിൽ കുടുങ്ങിയ 
നിറം മങ്ങാത്ത നീലപട്ടം 

2. കാറ്റെനിക്ക് മണം തന്ന്,
ഇളകി ചേർന്ന്, മഴയിലേക്കിറങ്ങി.
തനിയെ ഊതിവിട്ട തണുപ്പ് ,
അറിയാതെ നിന്നുപോയ പാട്ട് ,
കാലുകൾ കൂട്ടിപിടിച്ച്
ജനലകൾക്ക് കൂട്ടിരുന്നു 
പാതി നനഞ്ഞ കണ്ണുകൾ 
കാർമേഘത്തെ നോക്കികരഞ്ഞു.
തിരഞ്ഞൊന്നു പറക്കാൻ 
മഴ മാറിയതേയില്ല .

3. വെയിലെത്തുവോളം ഒഴുക്കിൽപ്പെട്ട
ഞാനൊരു ഇലയായി.
ഇലയെ തേടിയിറങ്ങിയ മരം
പറഞ്ഞു , കാറ്റൂതലുകൽ, 
മഴത്താഴ്തലുകൾ
വെയിലാളലുകൾ, 
അല്ല അതുമല്ല പറിഞ്ഞുപോരൽ...
ആകാശം കണ്ട പച്ചപ്പുകളെന്നെ
ഓർത്തോർത്ത്‌ രസിച്ചു.
ചുറ്റും ചിരിയായപ്പോഴാണ്
പതുക്കെ  മടങ്ങിയത്.
ഒച്ചയില്ലാതെ കരഞ്ഞു,
കറപിടിച്ച വേദന
ഒടിഞ്ഞ തണ്ടിലൂടെ ഒലിച്ചിറങ്ങി





11/6/14

വെള്ളതൂവലുള്ള മുറി


മുറിയെന്നെക്കൂട്ടി നടക്കാനിറങ്ങി
മൂടിക്കെട്ടിയ നിശ്വാസങ്ങളിലും
അടക്കിയ കരച്ചിലുകളിലും
പിടഞ്ഞയെന്നെ വാരിയെടുത്ത്
എല്ലാരും കാണെ
ചേർത്തുപിടിച്ചു,
കണ്ണെടുക്കാതെ നോക്കിയിരുന്ന്
വെറുതെ ചിരിച്ചു,
കൈവിടാതെ വഴക്കിട്ടു,
ഇടവഴികളിൽ പിരിയുമ്പോൾ 
പോകുമ്പോൾ ഒപ്പം കൂട്ടുമല്ലോ-
യെന്നോർത്തു കണ്ണിറുക്കി,
ഉമ്മകൾ തീരാതായപ്പോൾ 
നമ്മളെന്നും ഒന്നിച്ചെന്ന് 
ചെവിയിൽ പറഞ്ഞു.
കടലിൽ നീന്തി 
ആകാശത്തെ തഴുകി 
കരയിൽ കൂടുതേടാ 
വെള്ളപക്ഷിയാവാനുള്ള കൊതി 
ഞാനും പറഞ്ഞു.

ഒറ്റയ്ക്ക് തിരിച്ചെത്തിയ മുറി 

ജനൽ തുറന്നു 
മേഘത്തിൽ നിന്ന് താണ് 
മിന്നാമിനുങ്ങിനൊപ്പം ചുറ്റിപറന്ന 
എന്നെ നോക്കിനിന്നു 
ഇനിയും മടങ്ങാത്തയെന്നോട് 
പിണങ്ങി ചുരുണ്ടുകിടന്നു 
ഉറക്കം വരാതെ ചുമരിൽ 
മുഖമമർത്തി കരഞ്ഞു 
കൂനിയിരുന്ന നിശ്വാസത്തെ 
ഒളിപ്പിക്കാൻ നാലുകോണും
ഇടംതേടിയലഞ്ഞു 
ചിറകടിയൊച്ച  ഞെട്ടിത്തിരിച്ചപ്പോൾ 
ഇരുട്ടിലെമ്പാടും പാറി 
തണുത്ത  വെള്ളതൂവലുകൾ  ...

മുറി തനിയെ, പതുക്കെ 

വീണ്ടും മുറിവിട്ടിറങ്ങി.