7/2/15

തോറ്റവരുടെ ജനാലകൾ

ജനലരികെയിരിക്കാൻ എന്നോട് 
വഴക്കിട്ട പ്രിയ കുട്ടി,
നിനക്കൊപ്പമിരുന്നപ്പോഴാണ്
ഉത്തരങ്ങളിൽ കാക്കകൾ പറന്നത് 
 അടിപാടുകളെന്നെ തഴുകിയത് 
എളുപ്പമറിയാത്തവരുടെ പേടി 
തീരുന്നേയില്ലെയെന്നറിഞ്ഞു 
കുടുകുടാ ചിരിച്ചത് 
തോറ്റവരെന്റെ കൂട്ടുകാരായത് ...

തോറ്റ വഴക്കങ്ങളിൽ 
ഒരു പാളി തുറന്ന ആകാശങ്ങളെ 
ഓരോന്നായ് ചാരുമ്പോൾ  
മേഘങ്ങളിൽ തൂങ്ങിയാടിയ ഞാനും
കിനാവും കവിതയും  
മുറികളിൽ ശ്വാസം കിട്ടാതെ 
ജനൽ കമ്പികളിൽ തലതല്ലി  വീണു 

വേദന ചിരിച്ചു തീർക്കാനാവില്ലെന്നറിഞ്ഞിട്ടും, 
നിനക്കൊപ്പമിരിക്കാൻ പഠിച്ചതെല്ലാം മറന്നിട്ടും ,
തോൽവികളിലെ എളുപ്പം  ഇന്നെത്രയകലം.

6/20/15

ശ്വസിക്കുന്ന മരണം

1. മരിച്ചവരെൻറെ മുന്നിൽ ഉലാത്തുന്നു,
 പൊള്ളുന്ന പാറകളിൽ കൊത്തിപറിച്ചിട്ട 
എന്നെ കണ്ട് ഓടി മറയുന്നു,
ഇരുട്ടിനെ പേടിച്ച് മടങ്ങിയെത്തുന്നു 
കണ്ണിലേക്കു നോക്കാനാവാതെ...
കാലുറപ്പിക്കാനാവാതെ ...
ഞാൻ കൊന്നവർ,  എന്നെ കൊന്നവർ

2. പാതിയുടഞ്ഞ പൂപ്പാത്രങ്ങളിൽ 
വാടിക്കരിഞ്ഞ പൂക്കളോടെ 
ദാഹിച്ചയെന്നെ മറന്ന 
മഴയെത്തേടി നടന്നു   
മണമില്ലാത്ത, കൊഴിയാത്ത
പൂക്കളാലെൻ പൂപ്പാത്രം 
വാരി വാരി നിറയ്ക്കാൻ ...

3. ആ ചൂട് പറ്റി വീണ്ടും വീണ്ടും
പനിക്കുന്ന എന്നെ കണ്ട് 
അവനെയറിയുന്ന,
ആ നിഴൽ ചാരിയ 
ചുവരുകൾ പറഞ്ഞു,
അവനെയോർക്കാത്ത 
ഒരു രാത്രി പോലുമില്ലെന്ന്....
കണ്‍ നിറയുമ്പൊഴെല്ലാം 
ആ കവിളിൽ അമർത്തിയമർത്തി 
ചുംബിച്ചിരുന്നെന്ന്....
ആഴങ്ങളിലെ കൊടുംതണുപ്പായ്  
നീ പറ്റിചേർന്നിട്ടും 
ചുവരുകൾക്ക്  പിന്നിലിരുന്ന് പനി
എന്നെ കാണുമ്പോഴെല്ലാം
 ഊറിയൂറി ചിരിച്ചതെന്തിന് ?


5/24/15

ചിതറിത്തെറിച്ച ചോദ്യങ്ങൾ

ഇടയ്ക്കിടെയുള്ള കലമ്പലുകൾക്കിടയിൽ അയാൾ ചോദിച്ചു; 
എത്ര വഴക്കിട്ടിട്ടും നീ തിരികെ വരുന്നതെന്തിന്?
പതിവായ ചോദ്യത്തെ തിരഞ്ഞ് അവളൊരു വലിയ കുന്നിലെത്തി.
ഉത്തരങ്ങളൊളിപ്പിച്ച ആകാശം കണ്ടമ്പരന്നാണ് കാലിടറിയത്. 
പക്ഷേ, വീഴ്ച്ചയിലെ മുറിവിനേക്കാൾ ചോരയിറ്റിച്ചത് 
താഴ്ച്ചകളിലെ  ഒറ്റപ്പെടലായിരുന്നു...
അയാളിപ്പോഴും കുന്നിലുണ്ടെന്ന കാഴ്ച്ചയും...




4/30/15

വിരലടയാളം; ചില മറവികൾ

ആകാശങ്ങൾ മറയുമ്പോൾ 
സ്വയമിടിയുന്ന കുന്നിനു കാണാം 
ഇടയ്ക്കിടെ തെളിഞ്ഞറിയുന്ന 
മറവി പോലെ,
മഞ്ഞിൽ വിരിയുന്ന  പെണ്‍കുട്ടിയെ...
മണ്‍കൂനകൾ  പരന്നൊഴുകുമ്പോൾ 
എന്നോ നൂൽ മഴ പെയ്യിച്ച 
കാർമേഘത്തെ പെണ്‍കുട്ടി തിരയും.
വാരിപ്പുണർന്ന കുളിര് 
കുത്തിനോവിക്കുന്ന വിങ്ങലായതിൽ  
സ്വയം നനഞ്ഞ്,
ചിന്നിച്ചിതറുവോളം തുള്ളികൾ 
ഓരോ  പുഴയായതു കണ്ട്, 
കടൽ വീണ്ടും നീലയായതറിഞ്ഞ്- 
കുന്നിൻ മുനമ്പിലേക്ക്‌ പായും .
ഒഴുക്കുകൾ തീർന്ന പകലിൽ 
മണ്ണിലേക്കിറങ്ങിയ  കുന്നിൽ 
പാവാടയിലെ നീലപ്പൂക്കൾ
വാരിവിതറി  പെണ്‍കുട്ടി നിന്നു.
വൈകിയെപ്പോഴോ 
തണുത്ത മേഘങ്ങളിലേക്ക് നടന്നുകയറി 







3/18/15

മടക്കങ്ങളിൽ ഭ്രാന്ത്‌

കണ്ണടയ്ക്കാതെ
ഇരുളുമെന്നറിയിച്ച രാത്രി
ഭ്രാന്തിറങ്ങുന്നത് നിന്നിലേക്കാണ്.
ദൂരങ്ങളിലേക്ക്
ഇട്ടകന്നു പോകുന്നു ആകാശം.
വഴിതേടി മടങ്ങുന്നു
പുൽനാമ്പില്ലാ മേഘങ്ങൾ.
സ്വയം കുത്തികീറിയ വേദനയിൽ
നനഞൊലിച്ച് തണുത്തുവിറച്ച്
ഭ്രാന്തലഞ്ഞു
പുകഞ്ഞ കണ്ണിൽ
ചോരച്ച മിന്നൽ പാഞ്ഞു
ഇന്നലെകൾക്ക്  വിട്ടുകൊടുത്ത
മരണത്തെ കണ്ട്
മുകളിലേക്ക് കൈയുയർത്തി
ആർക്കുമറിയാത്ത കരച്ചിലിനിടയിൽ
ഭ്രാന്ത്‌ പുലമ്പിക്കൊണ്ടേയിരുന്നു.
ഒന്നുറങ്ങൂയെന്നു തലോടി
രാത്രയ്ക്കന്നു വിട്ടകലാനായില്ല 


2/22/15

നിഴൽപ്പരക്കാത്ത രാത്രി

നിൻറെ നിലാശലഭത്തിൻ
ചുണ്ടമർന്നാണ്
നിശാപൂക്കൾ ചുവന്നത്,
സ്വപ്നം ഉറങ്ങാതായത്,
ഒരൊറ്റ കാത്തിരുപ്പിൽ
രാത്രി ഇരുണ്ടത്.
നിറമുള്ള സന്ധ്യകൾക്ക്
കടം പറഞ്ഞവനെ
മടങ്ങുകയാണ്,
നിന്നിൽ നിന്ന് , നമ്മളിൽ നിന്ന് ...
ഒറ്റയ്ക്കാവുന്ന ആകാശങ്ങളിൽ
എന്നെ കാത്തുനിൽപുണ്ട്,
മിന്നിച്ചിതറുന്നുണ്ട്,
നിന്റെ മുല്ലപ്പൂ ചുംബനങ്ങൾ 

2/16/15

നിഴലൊഴുക്കിൽ ഞാൻ


കൊഴിഞ്ഞ പൂക്കളാൽ 
ദേഹമാകെ മൂടി 
ആ വലിയ മരത്തിന്റെ 
ചോട്ടിലെത്തി.
നിഴലൊഴുക്കുകളെ 
പടർന്ന ചില്ലയറിഞ്ഞില്ല
മരമറിയും വരെ.
പിടഞ്ഞ മരം ചോദിച്ചു 
നിൻറെ ചിരിയെവിടെ ?
പാട്ടും കഥയുമെവിടെ ? 
കൂട്ടുകാരെവിടെ ?
നീ കരഞ്ഞാൽ 
മഴയെത്തുമായിരുന്നല്ലോ  
മഴ ചിരിയായൊഴുകി 
പൂക്കാലമാണല്ലോ !
മണൽ താണ്ടിയ ക്ഷീണം കിതച്ചു  
പിഴുതെറിയുന്ന, തൊണ്ട വരണ്ട 
യാത്രയിൽ തണൽ തേടിയതാണ് .
എന്റെ ഒഴുക്കുകൾ  
സ്വയം നിന്നിൽ തീരുന്നു .
പായൽ മൂടിയ നിശ്വാസം 
പതുക്കെ മരത്തിന്റെ നിഴൽ മറച്ചു .