9/8/13

തൂങ്ങിയാട്ടങ്ങൾ


1. ഊഞ്ഞാലിൽ ഒറ്റയ്ക്കിരുന്ന 
തുമ്പിയൊരു സ്വപ്നം കണ്ടു,
ഒരൊറ്റയാട്ടം ആകാശം തൊട്ടാൽ 
സ്വർഗം താഴെയെത്തും. 
തുമ്പിയെ കണ്ട കുട്ടി 
ഊഞ്ഞാലിനൊപ്പം പാഞ്ഞു.
ഉയരങ്ങളിൽ തുമ്പി, കുട്ടിയെ തിരഞ്ഞു,
കുട്ടിയതാ തുമ്പിയായി ഊഞ്ഞാലിൽ.

2. തൂങ്ങിമരിച്ചവൻ വാ തുറന്നു,
വായിൽ വീഴ്ത്തിയും കുരുക്കിട്ടും 
കളിയാക്കിയ മണ്ണും വിണ്ണും.
പിടികൊടുക്കാത്ത തലയും കാലും,
ഉടലിനെ വിട്ട് പാറിപ്പറന്നു. 


9/5/13

നിന്നെ മറക്കാത്ത വരികൾ


പഴയ പുസ്തകത്തിന്റെ 
മണമാണ് നിനക്ക്. 
ഓരോ താളിലും പാറിപ്പറന്ന  പൂക്കൾ. 
നെഞ്ചിനുള്ളിൽ താളം പിടിച്ച 
വരിയിൽ കൊളുത്തി,
പുസ്തകം പാതിയടച്ചപ്പോൾ 
എനിക്കും മഞ്ഞനിറം.
ഒന്നും മറക്കാതിരിക്കാൻ 
അടിവരകളിൽ നിന്നെ കൊന്നു.
വരകളില്ലാത്ത വരികൾ എന്നെയും.
മാഞ്ഞ മഞ്ഞദേഹങ്ങൾ 
ഇടയ്ക്കിടെ പൊടിത്തട്ടി 
നിന്നെ കുത്തിക്കോറിയ 
ചിതൽപ്പൂക്കളെ തൊട്ടുനോക്കും.
ഒരൊറ്റ വരിയിൽ പാറി ആകാശത്തെത്തും,
കണ്ടിട്ടും മതിയാവാതെ 
വെറുതെ നോക്കിനിൽക്കും.