മുറിയെന്നെക്കൂട്ടി നടക്കാനിറങ്ങി
മൂടിക്കെട്ടിയ നിശ്വാസങ്ങളിലും
അടക്കിയ കരച്ചിലുകളിലും
പിടഞ്ഞയെന്നെ വാരിയെടുത്ത്
എല്ലാരും കാണെ
ചേർത്തുപിടിച്ചു,
കണ്ണെടുക്കാതെ നോക്കിയിരുന്ന്
വെറുതെ ചിരിച്ചു,
കൈവിടാതെ വഴക്കിട്ടു,
ഇടവഴികളിൽ പിരിയുമ്പോൾ
പോകുമ്പോൾ ഒപ്പം കൂട്ടുമല്ലോ-
യെന്നോർത്തു കണ്ണിറുക്കി,
ഉമ്മകൾ തീരാതായപ്പോൾ
നമ്മളെന്നും ഒന്നിച്ചെന്ന്
ചെവിയിൽ പറഞ്ഞു.
കടലിൽ നീന്തി
ആകാശത്തെ തഴുകി
കരയിൽ കൂടുതേടാ
വെള്ളപക്ഷിയാവാനുള്ള കൊതി
ഞാനും പറഞ്ഞു.
ഒറ്റയ്ക്ക് തിരിച്ചെത്തിയ മുറി
ജനൽ തുറന്നു
മേഘത്തിൽ നിന്ന് താണ്
മിന്നാമിനുങ്ങിനൊപ്പം ചുറ്റിപറന്ന
എന്നെ നോക്കിനിന്നു
ഇനിയും മടങ്ങാത്തയെന്നോട്
പിണങ്ങി ചുരുണ്ടുകിടന്നു
ഉറക്കം വരാതെ ചുമരിൽ
മുഖമമർത്തി കരഞ്ഞു
കൂനിയിരുന്ന നിശ്വാസത്തെ
ഒളിപ്പിക്കാൻ നാലുകോണും
ഇടംതേടിയലഞ്ഞു
ചിറകടിയൊച്ച ഞെട്ടിത്തിരിച്ചപ്പോൾ
ഇരുട്ടിലെമ്പാടും പാറി
തണുത്ത വെള്ളതൂവലുകൾ ...
മുറി തനിയെ, പതുക്കെ
വീണ്ടും മുറിവിട്ടിറങ്ങി.
No comments:
Post a Comment