5/31/13

തിരശ്ശീലക്കുള്ളിൽ അവൻ

സിനിമ കണ്ട് ജനം കൈയടിച്ചു.
ഇത് ഞങ്ങളുടെ കഥ.
അറിയാതെ അടുത്തവരോട്  
ഞാൻ കലഹിച്ചു .
ജനക്കൂട്ടം  പലവഴിക്ക്.
നിങ്ങൾ പിരിഞ്ഞവരല്ലേ ? 
പിരിച്ചയച്ചാലും പടിവരെ.
അതേ നായകൻ ?
ഒരേയൊരു പടം.
നാട്ടുകാരെന്ത് പറയും ?
എന്തും പറയുമെന്ന ഉറപ്പ്.
ഒരുമിച്ചേതുവരെ ?
'സിനിമ' തീരും വരെ. 





5/30/13

ദൈവം ഒരു തൊട്ടാവാടി ചെടി

തൊട്ടലുറങ്ങുന്ന അത്ഭുതം 
കണ്ട് കുട്ടി പറഞ്ഞു,
നീ തന്നെ എൻറെ ദൈവം.
മണമുള്ള പൂവിൽ 
ചൊറിയൻ പുഴുവിനേയും,
ഊമ്പിയൊലിച്ച മധുരത്തിൽ 
പുളിയനുറുമ്പിനേയും  നീട്ടി,
മുള്ളുകൊണ്ട് കോറി,
നീയെന്നെ ആട്ടിയകറ്റി.
പേടി മാറാത്ത കുട്ടി 
ചീവിടിൻറെ കഥ കേട്ടുറങ്ങി.

ആരോ തൊട്ടും തൊടാതെയും,
നീയിന്നും വേഗമുറങ്ങി.
ചോര പൊടിയുവോളം
ചൊറിഞ്ഞും തടിച്ചും,
ഇളംനീല പൂക്കളെയോർത്തും,
നിന്നെ തൊടാനാവാതെ ഞാൻ. 
നേർത്ത വിരലോടെ ഒന്നെന്നെ-
തൊട്ട്  നിയും നീ ഉറക്കാത്തതെന്ത്?





5/28/13

ഞാനുമൊരു പുഴ

പുഴയിലൊഴുകി പോയതാണ്, 
കാടും കടലും മലയും നാടും 
നീന്തിത്തുടിച്ചെത്തിയ എന്നോട് 
കുളത്തിലെ പൂക്കൾ ചോദിച്ചു 
നീയാകെ മാറിയല്ലോ.
ഒരു മായാത്ത ചിരിയിൽ 
ഞാനെന്നെ ഒളിപ്പിച്ചു നടന്നകന്നു.


5/27/13

ഞാനോളിപ്പിച്ച സൂര്യൻ

അസ്തമയം, ചോരച്ചീറിത്തെറിച്ച 
വേദനയാണ്.
പകലിന്, രാത്രിയ്ക്ക് 
മിണ്ടാനാവാതെ പകച്ചു-
നിൽക്കുന്നയെനിക്ക്.
വെയിലിൽ വഴിതെറ്റിയവർ 
ഇരുളിലേക്ക് മടങ്ങി.
എന്നും ഒറ്റയ്ക്കായി പോയ 
എന്നോട് പിണങ്ങിയവർ 
ആകാശത്തെ കൂടാരത്തിൽ 
നക്ഷത്രങ്ങളോട്, എൻറെ രാത്രിയെ 
കളിയാക്കി ചിരിക്കുന്നു 




5/21/13

രാത്രിയിലെത്ര ഇരുട്ട്

പേടിക്ക്‌ ചൂട്ടുപിടിച്ച്  
തേടിയ ഉറക്കത്തെ കാത്ത് 
തലവെട്ടിവെട്ടി തിരിയുമ്പോഴാണ് 
നീയെത്തിയത്. 
പേടിപ്പുതപ്പെടുത്ത് കുടഞ്ഞ്‌ 
നീ പുണരുമ്പോൾ 
എത്ര തീരങ്ങൾ-
യെത്രയാഴങ്ങൾ,
യെത്രയോർമകൾ 
കുറ്റാകൂരിരുട്ടിൽ  
മിന്നാമിനുങ്ങാകുന്നു 

വഴിയിൽ നിഴൽ

ഒരൊറ്റ വര കൊണ്ട് 
വീട്ടിലെത്തിയവരുടെ 
കലപില കൂട്ടമെങ്ങും 
കൈ കാണിച്ചിട്ടും കയറ്റാത്ത 
വണ്ടി കാത്തെവിടെയോ 
പരാതി പറഞ്ഞ് സമയം 
കിടന്നോടിത്തുടങ്ങി 
മടങ്ങി വരണമെന്ന് 
ഇടയ്ക്കിടെ ഇടവഴി  
ചൂടിൽ തിളച്ച് 
കാഴ്ച മാഞ്ഞു 
ചാഞ്ഞു ചെരിഞ്ഞ് 
തലവെട്ടി നോക്കിയപ്പോൾ 
പൂത്ത മരത്തിനുകീഴെ 
പൂക്കുട ചൂടി ഞാൻ 
പുഴയ്ക്കു വലംവെച്ചു 
പിന്നോട്ടോടിയപ്പോൾ കേട്ടോ 
മണ്ണിലലിഞ്ഞു വേരഴുകിയ 
ചില്ലയില്ലാ മരത്തിന്റെ മൂളൽ 

മുടി മറന്നത് (മറച്ചത് )

സ്വയം രാത്രിയായി 
തൂങ്ങിയാടി തൊട്ടപ്പോൾ 
പൂ ചൂടിച്ചു ചുംബിച്ച
സ്നേഹം കൊണ്ടാവാം 
സ്വപ്നങ്ങളെന്നും 
അവനെ മാത്രം മൂടിപുതച്ചു.
അകന്ന രാത്രിയിൽ 
തോരാതെയിരുന്നും 
കരഞ്ഞ രാത്രിയിൽ 
കൂട്ടത്തോടെ പൊഴിഞ്ഞും 
തൊടാനോങ്ങിയവരെ 
കടുംകെട്ടിട്ടു കുടുക്കിയും 
ആ വിരലുകളെ കാത്തിരുന്നു.
പിന്നിയിട്ടും പൊട്ടിത്തെറിച്ചും 
വഴിയേറെ പോയി 
നീണ്ടു പുളഞ്ഞു വീണ്ടും 
ജനലരികിലെത്തുമ്പോൾ 
എവിടെയോ തലനീട്ടിയാട്ടി 
വട്ടംകറങ്ങുന്നു പേരില്ലാ പൂവ്