5/21/13

വഴിയിൽ നിഴൽ

ഒരൊറ്റ വര കൊണ്ട് 
വീട്ടിലെത്തിയവരുടെ 
കലപില കൂട്ടമെങ്ങും 
കൈ കാണിച്ചിട്ടും കയറ്റാത്ത 
വണ്ടി കാത്തെവിടെയോ 
പരാതി പറഞ്ഞ് സമയം 
കിടന്നോടിത്തുടങ്ങി 
മടങ്ങി വരണമെന്ന് 
ഇടയ്ക്കിടെ ഇടവഴി  
ചൂടിൽ തിളച്ച് 
കാഴ്ച മാഞ്ഞു 
ചാഞ്ഞു ചെരിഞ്ഞ് 
തലവെട്ടി നോക്കിയപ്പോൾ 
പൂത്ത മരത്തിനുകീഴെ 
പൂക്കുട ചൂടി ഞാൻ 
പുഴയ്ക്കു വലംവെച്ചു 
പിന്നോട്ടോടിയപ്പോൾ കേട്ടോ 
മണ്ണിലലിഞ്ഞു വേരഴുകിയ 
ചില്ലയില്ലാ മരത്തിന്റെ മൂളൽ 

മുടി മറന്നത് (മറച്ചത് )

സ്വയം രാത്രിയായി 
തൂങ്ങിയാടി തൊട്ടപ്പോൾ 
പൂ ചൂടിച്ചു ചുംബിച്ച
സ്നേഹം കൊണ്ടാവാം 
സ്വപ്നങ്ങളെന്നും 
അവനെ മാത്രം മൂടിപുതച്ചു.
അകന്ന രാത്രിയിൽ 
തോരാതെയിരുന്നും 
കരഞ്ഞ രാത്രിയിൽ 
കൂട്ടത്തോടെ പൊഴിഞ്ഞും 
തൊടാനോങ്ങിയവരെ 
കടുംകെട്ടിട്ടു കുടുക്കിയും 
ആ വിരലുകളെ കാത്തിരുന്നു.
പിന്നിയിട്ടും പൊട്ടിത്തെറിച്ചും 
വഴിയേറെ പോയി 
നീണ്ടു പുളഞ്ഞു വീണ്ടും 
ജനലരികിലെത്തുമ്പോൾ 
എവിടെയോ തലനീട്ടിയാട്ടി 
വട്ടംകറങ്ങുന്നു പേരില്ലാ പൂവ് 

ആത്മഹത്യ

വിട്ടുകൊടുത്ത ശരീരം 
തിരിച്ചെത്തിയപ്പോൾ ചോദിച്ചു 
എന്നെ കൂടെക്കൂട്ടുമോ ?
പാതിവട്ടത്തിൽ കൈ കറക്കി 
കൂട്ടുകാരൻ പറഞ്ഞു 
ജീവിതമെന്നെ എന്നേ കൊണ്ടുപോയ് 

ഉറക്കത്തിനിടയിൽ ഉണർത്തി 
മരണം കാത്തുനിന്നു 
അടുത്തെത്തിയപ്പോൾ
 ചോദിക്കാനാഞ്ഞത് മറന്നു 
ചിരിതീരും മുൻപേ തോന്നി 
ചുറ്റിപറ്റി നിൽക്കാം 
ഓർമ വരുംവരെ. 

മുങ്ങിത്താഴും മുൻപ്

വാതിൽപ്പടിയിൽ ചാരിനിന്ന് 
കടൽ കണ്ട് ഉയരത്തിൽ പറന്ന് 
ആകാശം തൊട്ടപോഴാണ് 
കാലിടറി താഴെക്കൂർന്നത് 
പിടഞ്ഞ് പൊങ്ങിത്താഴുന്നതിനിടെ 
പുണർന്നുറക്കി കിടത്തിയ 
ഇണയുടെ പുലമ്പലുയർന്നു 
കണ്ണീരുപ്പ് മീനുകളെ ഊട്ടി 
തിര തീരത്തെ ഉറക്കി 
രാത്രി തീരും തൊട്ടു മുൻപേ 
വാതിൽപ്പടി വീണ്ടും പറന്നു 
തിരയിൽ തളരാതെ  ഒരറ്റത്തെത്തി 
രാത്രി തീരാതെ കാത്താൽ 
പടി കാണാം ; കാഴ്ച കാണാം 
പിടിയയയും മുൻപേ പിടഞ്ഞു
പടിയിലെന്നും പകലായിരുന്നു 
വാതിൽപ്പഴുതിലൂളിയിടാൻ 
താണ്ടണമിനിയും  നൂറു
കര  
ആഴങ്ങൾ നീയില്ലാതെ വയ്യെന്ന് 
ആകാശത്തോടന്നേ പറഞ്ഞിരുന്നല്ലോ  ?

കഥയിൽ ചോദ്യം

തൂക്കുഞ്ഞാലിലാടിയാടി നീ 
ആകാശത്തെ സ്നേഹിച്ചു 
നിന്നെയറിയാൻ നിന്നെ കേട്ടു 
കേട്ടിരിക്കേ  ഞാൻ പോയൊളിച്ചു 
എണ്ണിയെണ്ണിത്തീർന്നിട്ടും 
ആരുമെന്നെ തിരഞ്ഞില്ല 
കളി തീരുമെന്നു പേടിച്ച് 
ഞാൻ പറഞ്ഞു ; കണ്ടേ !

നിനക്ക് ശേഷം

ഇരുട്ടിനെയറിയാതെ ഒളിപ്പിച്ച
ക്ഷീണിച്ച കണ്ണെന്നെ നോക്കി 
വാ തോരാതെ കോട്ടുവായെത്തി 
പതുക്കെ തട്ടാതെ, പുതയ്ക്കാതെ 
ഉറക്കത്തെ കണ്ടിരുന്നു. 
നീണ്ടുപരന്ന പകൽപോലും 
പണ്ടേ എനിക്കൊപ്പമില്ല 
വീഴാതിരിക്കാൻ ഉറങ്ങാതെ കാത്ത 
രാത്രിയുമെന്നെയിനി തിരയില്ല 
കണ്ണിനടിയിലെ കറുപ്പ് ചോദിച്ചു 
നമുക്ക് കൂട്ടാവാം 
കരച്ചിലടക്കാതെ പറഞ്ഞു 

പുലർന്നാലും പോവരുത്.

തോൽപ്പിച്ച മുയൽപ്പെണ്ണ്‍

ഒറ്റയ്ക്ക് നടക്കാനിറങ്ങിയ 
വഴിയിൽ ആമയും മുയലും.
ഓട്ടം കണ്ട് കുന്തിച്ചിരുന്ന എന്നോട് 
കിതപ്പാറ്റാനെത്തിയ മുയലച്ചൻ,
ഒരഞ്ച് മിനിറ്റ്, ഉണർത്തണേ.

നോക്കിനോക്കി കണ്ണുകഴച്ചിട്ടാവണം 
മുയലച്ചനോട് ചേർന്ന് കിടന്നു.
കിരീടം ചൂടി ആമ അമർത്തി കരഞ്ഞു.
സ്നേഹച്ചൂടിൽ ഞാനും മുയലച്ചനും.
സ്വപ്നത്തിൽ എന്നെയുയർത്തി 
തുള്ളിച്ചാടിയോ എന്തോ !