10/15/14

വിലാപയാത്ര

കൂട്ടത്തിൽ, കൂടലുകളിൽ
മടുത്ത ഒരുറുമ്പ്
കനം തൂങ്ങി ദാഹിച്ച
കണ്‍പോളകളിൽ
ഒരു കടി തന്ന്
ഉണർത്താനോങ്ങി

കരച്ചിലുകൾ നീന്തിയെത്തിയ,
കൂടുതേടിനടന്ന മറ്റൊരുറുമ്പ്
അടുത്തെത്തി കൂട്ടുകിടന്ന്
കാതിൽ  സ്വകാര്യം തിരക്കി

തിരിഞ്ഞുമറിയാത്ത രഹസ്യ-
മറിഞ്ഞ കൂട്ടങ്ങൾ
കട്ടപ്പിടിച്ച മുറിവിന്റെ
കണ്ണുപ്പൊത്തി തളർന്നു.
കൂട്ടിപ്പിടിച്ചിട്ടും കൈവിട്ട-
യാഴങ്ങൾ മൂടുംമുൻപ്
അരിച്ചിറങ്ങലുകൾ.

ഉറങ്ങാത്ത ശൂന്യതയിൽ
പുകഞ്ഞ കണ്ണുകൾ,
വിങ്ങലിൽ മിടിപ്പ്
തെറ്റിയ ഞരമ്പുകൾ,
വാക്കിനോട് വഴക്കിട്ട്
തണുത്ത കൈകൾ,
കാത്തിരിപ്പിൻറെ ഗതിവേഗം
കൂട്ടിക്കെട്ടിയ കാലുകൾ...
മറവികളില്ലാത്ത വേദന
വരിതെറ്റാതെ തിരിച്ചിറങ്ങുന്നു.







9/19/14

വിടവാങ്ങലുകൾ

പറിച്ചെടുക്കൽ പോലയല്ല,
കാറ്റൂതലുകൽ, മഴത്താഴ്തലുകൾ
വെയിലാളലുകൾ.
അല്ല, അതുപോലെയും അല്ല,
പറിഞ്ഞുപോരൽ.
ഒളിക്കാനൊരു ഇലപ്പടർപ്പും
പാതിമറന്ന നീയും
ചിരി മറച്ച മുഖവും
വീഴലിൽ  മറഞ്ഞു.
ഇനി പച്ചഞരമ്പുകളി-
ലോട്ടം മാത്രം...
എവിടെയും വേണ്ട,
വിളികളിലും മറവികളിലും .
ചേർത്തടച്ച ഇരുട്ടിൽ,
ഒന്നും കേൾപ്പിക്കാത്ത,
തണ്ണുപ്പിൽ പുതപ്പിച്ച്
ഉറങ്ങാതെയുറങ്ങി
തീരാത്തയാഴം.

ആകാശം കണ്ട പച്ചപ്പുകളെന്നെ
ഓർത്തോർത്ത്‌ രസിച്ചു.
ചുറ്റും ചിരിയായപ്പോഴാണ്
പതുക്കെ  മടങ്ങിയത്.
ഒച്ചയില്ലാതെ കരഞ്ഞു,
കറപിടിച്ച വേദന
ഒടിഞ്ഞ തണ്ടിലൂടെ ഒലിച്ചിറങ്ങി

9/8/14

വെയിലെത്തുവോളം ഒഴുക്കിൽപ്പെട്ട ഞാനൊരു ഇലയായി
മഴയെന്നു കരുതാനാകുമായിരുന്നില്ല
തുള്ളിക്കായി ചിരിച്ച  കാതോർക്കലില്ല,
നനഞ്ഞു താണ  കൂമ്പലില്ല,
കാറിനോട് മുഖം കറുപ്പിക്കലില്ല,
രാവോളം കണ്ണീർ പെയ്യലില്ല,
ഒഴുകിയടർന്ന ചേരലില്ല,
കൂടെകൂടെയെത്തുമെന്ന ഹുങ്കാരമില്ല,
താഴെ താങ്ങുമെന്ന വിടുവാക്കില്ല.
ഇടിമിന്നലായിരുന്നു.
അത്യുഷ്ണ തീവ്രത്തിൽ
കരുവാളിപ്പിച്ചു മടങ്ങിയ
ഇരമ്പുന്ന ഞെട്ടലുകൾ.
ഇലയെ തേടിയിറങ്ങിയ മരം
കാഴ്ച്ച മറച്ച ശൂന്യതയിലേക്ക്
വഴിതെറ്റിയിറങ്ങി.
രാത്രിയുടെ തിളക്കത്തിൽ  കണ്‍ച്ചിമ്മാത്ത
നക്ഷത്രചെവിയെന്റെ സ്വകാര്യം കേട്ടു.
മിന്നലെന്നോ മൂളിയ പാട്ട്
ഓർമയിലെത്തിയിട്ടും പറയാതെ
പച്ചമണത്തിൽ കരിഞ്ഞയെനിക്കു-
നിലാവിനെ മടക്കിത്തന്നു.

9/8/13

തൂങ്ങിയാട്ടങ്ങൾ


1. ഊഞ്ഞാലിൽ ഒറ്റയ്ക്കിരുന്ന 
തുമ്പിയൊരു സ്വപ്നം കണ്ടു,
ഒരൊറ്റയാട്ടം ആകാശം തൊട്ടാൽ 
സ്വർഗം താഴെയെത്തും. 
തുമ്പിയെ കണ്ട കുട്ടി 
ഊഞ്ഞാലിനൊപ്പം പാഞ്ഞു.
ഉയരങ്ങളിൽ തുമ്പി, കുട്ടിയെ തിരഞ്ഞു,
കുട്ടിയതാ തുമ്പിയായി ഊഞ്ഞാലിൽ.

2. തൂങ്ങിമരിച്ചവൻ വാ തുറന്നു,
വായിൽ വീഴ്ത്തിയും കുരുക്കിട്ടും 
കളിയാക്കിയ മണ്ണും വിണ്ണും.
പിടികൊടുക്കാത്ത തലയും കാലും,
ഉടലിനെ വിട്ട് പാറിപ്പറന്നു. 


9/5/13

നിന്നെ മറക്കാത്ത വരികൾ


പഴയ പുസ്തകത്തിന്റെ 
മണമാണ് നിനക്ക്. 
ഓരോ താളിലും പാറിപ്പറന്ന  പൂക്കൾ. 
നെഞ്ചിനുള്ളിൽ താളം പിടിച്ച 
വരിയിൽ കൊളുത്തി,
പുസ്തകം പാതിയടച്ചപ്പോൾ 
എനിക്കും മഞ്ഞനിറം.
ഒന്നും മറക്കാതിരിക്കാൻ 
അടിവരകളിൽ നിന്നെ കൊന്നു.
വരകളില്ലാത്ത വരികൾ എന്നെയും.
മാഞ്ഞ മഞ്ഞദേഹങ്ങൾ 
ഇടയ്ക്കിടെ പൊടിത്തട്ടി 
നിന്നെ കുത്തിക്കോറിയ 
ചിതൽപ്പൂക്കളെ തൊട്ടുനോക്കും.
ഒരൊറ്റ വരിയിൽ പാറി ആകാശത്തെത്തും,
കണ്ടിട്ടും മതിയാവാതെ 
വെറുതെ നോക്കിനിൽക്കും.


8/2/13

ആലീസിൻറെ മുയൽമാളം


പ്രിയ ആലീസ് ,
വിളികളിൽ എന്നെ കാണാനില്ലെന്ന് 
ആദ്യം പരാതിപ്പെട്ടത്‌ അമ്മയാണ്.
മഴമണ്ണിലുരുണ്ട് ,
പുളിമധുരമറിഞ്ഞ്,
തുമ്പിയെ തൊടാനോങ്ങി,
ഊഞ്ഞാലിലാടുന്ന ആകാശം കണ്ടാൽ ,
ആരാണ് വിളികളിൽ ഓടിയെത്തുക ?
കാലമെടുത്ത് ഞാൻ കടന്ന 
താക്കോൽ പഴുതിലൂടെ 
കണ്ടു ചെറുപൂന്തോട്ടം.
അന്നുതൊട്ടേ എനിക്കൊപ്പം
പൊന്തിക്കിടക്കുന്നു,
പേരറിയാ രൂപങ്ങൾ,
പേടിപ്പിക്കുന്ന  കളികൾ,
തലവെട്ടുന്ന കടംങ്കഥകൾ.
ചീട്ടുകൊട്ടാരങ്ങൾ തകർത്തതിനു 
അവരെന്നെ നിന്നോടൊപ്പം  പുറത്താക്കി.
സുഹൃത്തേ, നിന്റെ സ്വപ്നങ്ങ
എന്റെ നട്ടുച്ചകളെ പൊള്ളിക്കുന്നു
നമ്മുടെ  മുയലച്ഛനതാ,
എൻറെ വാച്ചും പോക്കറ്റിലിട്ടോടുന്നു.


7/27/13

എന്നിട്ടും നീ

നിന്നെ മറക്കാൻ 
ഒരു മഴവില്ലിനെ കൂട്ടുപിടിച്ചു.
ഏഴു നിറങ്ങൾക്ക് പകരം 
ഏഴ് രാത്രി.
വളഞ്ഞറ്റം തൊടാൻ 
ഏഴറിവും വേദനയും.
കണ്ണിത്തിരി നനഞ്ഞാൽ 
ഒന്നും മിണ്ടാതെ 
തെളിഞ്ഞ് ചിരിച്ച് 
ആകാശത്തേക്ക് പറത്തിവിടും.
താഴെയിറങ്ങാതെ ഞാനെന്റെ 
ഏഴുനിറങ്ങളിലുറങ്ങി . 
ഉറക്കത്തിലറിയാതെ 
തിരിഞ്ഞൊന്ന് കിടന്നാൽ 
മറന്നോയെന്നു ചോദിച്ച് 
തലപൊക്കി നോക്കും 
എന്നിട്ടും നീ !